മാനവീയത്തിനു പിന്നാലെ ഫുഡ് സ്ട്രീറ്റ് പദ്ധതിയുമായി ശംഖുമുഖവും

കനകക്കുന്നിനും മാനവീയം വീഥിക്കും പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമാക്കാനൊരുങ്ങി ശംഖുമുഖം ബീച്ച്.രാത്രിയിൽ ബീച്ചിലേക്ക് സന്ദർശകരെ ആകര്ഷിക്കുന്നതിനുള്ള ഫുഡ് സ്ട്രീറ്റ് വൈകാതെ യാഥാർഥ്യമാകും. നവംബറിൽ നിർമാണം ആരംഭിച്ച 2024 ജനുവരിയോടെ ഫുഡ് സ്ട്രീറ്റ് പദ്ധതി പൂർത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ്.ഇതോടെ രാത്രിയിൽ ശംഖുമുഖത്തേക്കു സന്ദര്ശകരുടെ ഒഴുക്കാരംഭിക്കുമെന്നാണ് പ്രതീക്ഷ.

ബീച്ചിന്റെ പ്രവേശന കവാടത്തിന് ഇരുവശത്തുമായാണ് ഫുഡ് സ്ട്രീറ്റ് സജ്ജമാക്കുക ആധുനിക സൗകര്യങ്ങളോടെ ശാസ്ത്രീയമായി ആരംഭിക്കുന്ന കടകളിൽ കുടിവെള്ളം ടോയ്ലറ്റ് തുടങ്ങി കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ആവശ്യമായ അടിയന്തര സൗകര്യങ്ങളും ഒരുക്കും. ഏഴരയോടെ സജീവമാകുന്ന ഫുട്സ്ട്രീട് 12 വരെ പ്രവർത്തിക്കും. ഫുഡ്സ്ട്രീറ്റിനോട് ചേർന്ന് വിനോദ പരിപാടികൾ നടത്താനുള്ള പ്രത്യേക കേന്ദ്രവും സജ്ജമാക്കും.

ആളുകൾക്ക് പരിപാടികൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സംവിധാനം ലക്ഷ്യമിട്ടാണിത്. നിലവിൽ ശംഖുമുഖത്ത് പ്രവർത്തിക്കുന്ന തെരുവോര കച്ചവടക്കാരെഫുഡ്‌സ്ട്രീറ്റിലേക്ക് പുനരധിവസിപ്പിക്കും. ഇതോടെ മികച്ച കച്ചവട രീതിയിൽ കച്ചവടം ചെയ്യാൻ ഇവർക്ക് സാധിക്കും. പുനരധിവസിപ്പിക്കേണ്ട കച്ചവടക്കാരുടെ പട്ടിക തയ്യാറാക്കി വരികയാണ്. ടൂറിസം വകുപ്പിന് കീഴിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. സ്മാർട്സിറ്റി മിഷൻ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതിയുടെ ചെലവ് ഡി ടി പി സി പുറത്തുവിട്ടിട്ടില്ല.

പദ്ധതിയുടെ ഭാഗമാകുന്ന കച്ചവടക്കാർക്ക് ഭക്ഷ്യ സുരക്ഷാവകുപ്പ് പ്രാഥമിക പരിശീലനം നൽകും. തുടർന്ന് നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് കടകളുടെ പ്രവർത്തനം നടക്കുന്നത് ഉറപ്പുവരുത്താൻ കൃത്യമായി ഇടവേളകളിൽ പരിശോധനയുണ്ടാകും. കച്ചവടക്കാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കണ്ടാൽ വീണ്ടും പരിശീലനം നൽകും. ഗുരുതരമായ അലംഭാവം ഉണ്ടായാൽ നടപടികൾ സ്വീകരിക്കും.

ഫുഡ് സ്ട്രീറ്റിലെ കടകളിൽ ഭക്ഷണം പാകം ചെയ്യാൻ അംഗീകൃതവസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ. കുടിവെള്ളം ഭക്ഷണം പാകം ചെയ്യാനുള്ള വെള്ളം എന്നിവയുടെ ശുചിത്വം ഉറപ്പുവരുത്തും. ഇതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പരിശോധന നടത്തും ഭക്ഷണം തയ്യാറാക്കുന്നവർക്ക് ഡ്രസ്സ് കോഡു നൽകുന്നതിനൊപ്പം ഇവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

തിരുവനന്തപുരം മാനവീയം വീഥിയിലാണ് ഈ അടുത്തിടെ സമാനമായ ഫുഡ് കോർട്ട് ആരംഭിച്ചത്.