അരുണാചൽ പ്രദേശും കശ്മീരും ഇല്ലാത്ത ഭൂപടത്തിനായുള്ള ആഗോള അജൻഡ; ന്യൂസ് ക്ലിക്കിനെതിരെ പോലീസ്

ന്യൂഡൽഹി: ഓൺലൈൻ പോർട്ടലായ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഡൽഹി പോലീസ്. അരുണാചൽ പ്രദേശും കശ്മീരും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനുള്ള ‘ആഗോള അജൻഡ’ ന്യൂസ് ക്ലിക്ക് മുന്നോട്ടു വച്ചെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. റിമാൻഡ് അപേക്ഷയിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രബിറിനെ അറസ്റ്റ് ചെയ്തത് വികലമായ ഭൂപടം തയാറാക്കാനുള്ള അജൻഡയുടെ തെളിവുകൾ കണ്ടെത്തിയതിനു ശേഷമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് വ്യവസായിയും കോടീശ്വരനും ടെക്കിയുമായ നെവിൽ റോയ് സിംഘവുമായി പ്രബിർ പുർകയസ്ഥയ്ക്ക് ബന്ധമുണ്ട്. ഇരുവരും ഇമെയിൽ സംഭാഷണം നടത്തിയിരുന്നുവെന്നും പോലീസ് കണ്ടെത്തി.

കശ്മീരും അരുണാചൽ പ്രദേശും ‘തർക്ക പ്രദേശങ്ങൾ’ എന്നു കാണിക്കുന്ന തരത്തിൽ ഇന്ത്യയുടെ ഭൂപടം തയാറാക്കുന്നതിനെപ്പറ്റി പ്രബിറും നെവിലും ചർച്ച നടത്തി. ഇങ്ങനെ ഭൂപടമുണ്ടാക്കാൻ പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവർ 115 കോടിയിലേറെ രൂപ വിദേശഫണ്ടുകൾ സ്വീകരിച്ചെന്ന ആരോപണവും ഡൽഹി പോലീസ് മുന്നോട്ടുവെയ്ക്കുന്നു.