ഹോമിയോപ്പതി വകുപ്പിലെയും ഭാരതീയ ചികിത്സാ വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ആദ്യഘട്ടമായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം സര്‍ക്കാര്‍ മേഖലയിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണസജ്ജമാക്കി ഒരുമിച്ച് എന്‍എബിഎച്ച് ആക്രഡിറ്റേഷന് അപേക്ഷിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ എന്‍.എ.ബി.എച്ച്. കേന്ദ്ര സംഘത്തിന്റെ അന്തിമ വിലയിരുത്തല്‍ നടന്നുവരികയാണ്.
എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിക്കുന്നതോടെ ആയുഷ് ആതുരസേവന രംഗത്ത് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ സാധിക്കും. മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യ ടൂറിസം രംഗത്തിനും ഇത് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദന്ധങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമാകുന്നത്. നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

