ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജഡ്ജിമാർക്കാണ് ഗൾഫ് മേഖലയിലേക്കുള്ള വിമാന നിരക്കിലെ പ്രശ്നങ്ങൾ കൂടുതൽ അറിയാൻ കഴിയുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വിമാനയാത്രാ നിരക്ക് നിശ്ചയിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകുന്ന വകുപ്പിനെതിരെ കേരള പ്രവാസി അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഹർജിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരോട് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾക്ക് അധികാരം നൽകുന്ന ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്തായിരുന്നു പ്രവാസി അസോസിയേഷൻ ഹർജി സമർപ്പിച്ചത്. അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ തുടങ്ങിയവരാണ് ഹർജിക്കാർക്കായി സുപ്രീം കോടതിയിൽ ഹാജരായത്.

