മെഡിക്കൽ പിജി പ്രവേശനം; നീറ്റ്-പിജി കട്ട്ഓഫ് പെർസൻറൈൽ പൂജ്യമാക്കിയത് തുടരും

ന്യൂഡൽഹി: മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി കട്ട്ഓഫ് പെർസൻറൈൽ പൂജ്യമാക്കിയത് തുടരും. ഇക്കാര്യത്തിൽ കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം ഹർജിക്കാരനെ ബാധിക്കുന്നതല്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ നടപടി.

നീറ്റ് പിജി കട്ട് ഓഫ് പൂജ്യം ശതമാനമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ തമിഴ്‌നാട് സർക്കാർ രംഗത്തെത്തിയിരുന്നു. നീറ്റിന് പിന്നിലെ തട്ടിപ്പ് വെളിപ്പെട്ടെന്ന് കായിക, യുവജന ക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ അറിയിച്ചു. റാങ്ക് പട്ടികയിലെ ആർക്കും പ്രവേശനം ലഭിക്കും എങ്കിൽ നീറ്റ് പരീക്ഷ എന്തിനാണെന്നും സ്റ്റാലിൻ ചോദിച്ചു. നീറ്റ് പരീക്ഷ നടത്തുന്നത് സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് വേണ്ടിയാണെന്ന വാദം സത്യമെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു.