ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ഗ്രാമീൺ ആവാസ് ന്യായ് യോജന പദ്ധതിക്ക് തുടക്കം കുറിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. രാഹുൽ ഗാന്ധി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് റിമോട്ട് കൺട്രോൾ വഴിയായിരുന്നു. ഈ റിമോട്ട് കൺട്രോൾ പൊക്കിപ്പിടിച്ചുകൊണ്ട് പ്രധാനമന്ത്രി മോദിക്കെതിരെ രാഹുൽഗാന്ധി വിമർശനം ഉന്നയിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇങ്ങനെ ഒരു റിമോട്ട് കൺട്രോൾ ഉണ്ടെന്നും എന്നാൽ അദ്ദേഹം അത് ‘രഹസ്യമായി’ മാത്രമേ അമർത്തുകയുള്ളൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നമ്മൾ തുറന്ന സ്ഥലത്ത് വച്ച് റിമോട്ട് കൺട്രോളിന്റെ ബട്ടൺ അമർത്തുന്നു. എന്നാൽ ബിജെപി അത് രഹസ്യമായി അമർത്തുകയും, പിന്നാലെ അദാനിക്ക് മുംബൈ വിമാനത്താവളം ലഭിക്കുകയും ചെയ്യുന്നുവെന്നും രാഹുൽ ആരോപിച്ചു.
പൊതുമേഖല സ്വകാര്യവൽക്കരിക്കപ്പെടുന്നു. ലോകസഭയിൽ അദാനിയെ കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചപ്പോൾ തനിക്ക് മറുപടി ലഭിച്ചുവെന്നും തന്റെ ലോകസഭാ അംഗത്വം റദ്ദാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

