ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് വേദിയായ ചൈനയിലേക്കുള്ള ഔദ്യോഗിക സന്ദർശനം കേന്ദ്ര വാർത്താവിതരണ-കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ റദ്ദാക്കി. അരുണാചലിൽ നിന്നുള്ള കായിക താരങ്ങൾക്ക് ചൈന പ്രവേശനം നിഷേധിച്ച സാഹചര്യത്തിൽ പ്രതിഷേധ സൂചകമായാണ് മന്ത്രി സന്ദർശനം റദ്ദാക്കിയതെന്നാണ് വിവരം.
ചൈന ഏഷ്യൻ ഗെയിംസിലേക്കുള്ള പ്രവേശനം അരുണാചലിൽ നിന്നുള്ള മൂന്നു വുഷു താരങ്ങൾക്കാണ് നിഷേധിച്ചത്. എന്നാൽ, ഇന്ത്യൻ വുഷു ടീമിലെ ബാക്കി ഏഴു താരങ്ങളും ചൈനയിലെത്തിയിട്ടുണ്ട്. ചൈനയുടെ നടപടി വിവേചനപരമാണെന്നും ഇന്ത്യൻ പൗരന്മാരോട് ഒരു തരത്തിലുള്ള വംശീയ വിവേചനവും രാജ്യം അനുവദിക്കില്ലെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ചൈനയുടെ നടപടി ഏഷ്യൻ ഗെയിംസിന്റെ ആവേശം കെടുത്തുന്നതാണെന്നാണ് ഇന്ത്യ പറയുന്നത്. പ്രവേശനം നിഷേധിച്ച മൂന്നു കായികതാരങ്ങളും നിലവിൽ ഡൽഹിയിലെ സ്പോർട്സ് അതോറിറ്റിയുടെ ഹോസ്റ്റലിലാണ്. വിഷയത്തിൽ ഏഷ്യൻ ഗെയിംസ് സംഘാടകരോടും ഏഷ്യൻ ഒളിമ്പിക്സ് കൗൺസിലിനോടും ചർച്ച നടത്താനാണ് ഇന്ത്യയുടെ നീക്കം.