രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനം; കേരള പി എസ് സിയെ പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പി എസ് സിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് കേരളാ പി എസ് സി നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പി എസ് സിയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നതെന്നും അദജ്‌ദേഹം പറഞ്ഞു.

സമൂഹത്തിന്റെ ഇടതുപക്ഷ മനോഭാവമാണ് അതിന് കാരണം. മറ്റ് സംസ്ഥാനങ്ങളിൽ പി എസ് സി ദുർബലമാണ്. പി എസ് സി പോലുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സർക്കാർ സർവീസ് വേണമോ എന്ന ചിന്താഗതി ശക്തിപ്പെട്ടിട്ടുണ്ട്. അഴിമതിയുടെ വിവിധ കാര്യങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉയർന്നുവന്നു. അത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ കൊല്ലപ്പെടുത്തുന്ന സംഭവം വരെ ഉണ്ടായി. ഇതൊക്കെ കേരളത്തിന് പുറത്ത് നടക്കുന്ന സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ സാമൂഹ്യനീതി ശരിയായ രീതിയിൽ ഉറപ്പുവരുത്തി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പി എസ് സി. എന്നാൽ ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് ഈ സ്ഥാപനത്തിനെ താറടിക്കുന്ന നടപടിയാണ്. പി എസ് സിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ശ്രമം നടക്കുന്നു. അപ്പോഴും കൃത്യമായ രീതിയിൽ എല്ലാം നടത്തിക്കൊണ്ടു പോകാൻ പി എസ് സി ക്ക് കഴിയുന്നു എന്നത് അഭിമാനാർഹമായ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.