ഐസിയുവിൽ രോഗിയെ പീഡിപ്പിച്ച കേസ് :വൈദ്യ പരിശോധന നടത്തിയ ഡോക്ടർക്ക് വീഴ്ചയില്ല

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ രോഗിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ ഡോക്ടർക്ക് വീഴ്‌ച്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. അതിജീവിതയെ വൈദ്യ പരിശോധന നടത്തിയപ്പോൾ അതിജീവിത പറഞ്ഞ കാര്യങ്ങൾ മുഴുവനും ഡോക്ടർ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഡോക്ടർക്കെതിരെ കേസെടുക്കേണ്ട ആവശ്യം ഇല്ലെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാർച്ച 18 നാണു തൈറോയ്‌ഡ് ശസ്ത്രക്രിയക്ക് വിദേയയായ രോഗി ഐസിയുവിൽ വച്ച് പീഡനത്തിനിരയാകുന്നത്. എന്നാൽ അതിജീവിതയെ വൈദ്യ പരിശോധന നടത്തിയ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ തന്റെ മൊഴി പൂർണ്ണമായും രേഖപ്പെടുത്തിയില്ലാ എന്നും ശരിയായ പരിശോധന നടത്താതെ പ്രതികളെ സഹായിക്കുന്നു എന്നും ആരോപിച്ച്‌ അതിജീവിത സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ സംഭവം നടന്നതിന് പിന്നാലെ അതിജീവിത പറഞ്ഞ കാര്യങ്ങൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സ് ഡെയ്‌ലി ഇൻസിഡന്റ് രജിസ്റ്ററിൽ എഴുതി വച്ചിരുന്നു. അതെ കാര്യങ്ങൾ തന്നെയാണ് അതിജീവിത ഡോക്ടറോടും പറഞ്ഞത് എന്ന് വ്യക്തമാക്കുകയും പറഞ്ഞ കാര്യങ്ങളെല്ലാം ഡോക്ടർ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നും വ്യക്തമായി. മാത്രമല്ല ഡോക്ടർക്ക് മറ്റൊരു വിഭാഗത്തിലുള്ള പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യമല്ല എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.