കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിപ രോഗബാധയെ പ്രതിരോധിക്കുകയും ഫലപ്രദമായി മറികടക്കുകയും ചെയ്തവരാണ് നമ്മളെന്ന് അദ്ദേഹം പറഞ്ഞു.
ഭയപ്പെടുകയല്ല, മറിച്ച് ജാഗ്രതയോടെ ഈ സാഹചര്യത്തെ നേരിടുകയാണ് വേണ്ടത്. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിക്കാനും ഏവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യയം അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. രണ്ടു പേർ രോഗബാധ കാരണം മരണമടഞ്ഞു. 4 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചതിൽ 2 പേർക്ക് നിപ പോസിറ്റീവും 2 പേർക്ക് നിപ നെഗറ്റീവുമാണ്. നിപ രോഗബാധയെ പ്രതിരോധിക്കുകയും ഫലപ്രദമായി മറികടക്കുകയും ചെയ്തവരാണ് നമ്മൾ. ഭയപ്പെടുകയല്ല, മറിച്ച് ജാഗ്രതയോടെ ഈ സാഹചര്യത്തെ നേരിടുകയാണ് വേണ്ടത്.
ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിക്കാനും ഏവരും തയ്യാറാകണം.

