സാമ്പത്തിക പ്രതിസന്ധി ;അടിയന്തര പ്രമേയത്തിൽ ഒരു മണിക്ക് സഭ നിര്‍ത്തിവച്ച് ചർച്ച

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിലാണ് ഒരു മണിക്ക് സഭ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തുക. രണ്ട് മണിക്കൂറാണ് ചര്‍ച്ചയ്ക്ക് അനുവദിച്ചിരിക്കുന്നത്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ വിശദമായ ചര്‍ച്ച ആകാമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അര്‍ഹതപ്പെട്ടവര്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി പറഞ്ഞൂ. പ്രതിസന്ധിക്കിടയിലും അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന നിലപാടാണ് ധനമന്ത്രി ഉയര്‍ത്തുന്നത്.കേന്ദ്രത്തിനെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിനും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിലും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള സഹകരണം വേണ്ടരീതിയില്‍ ഉണ്ടാകുന്നില്ലെന്ന വിമര്‍ശനമാകും ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുക.ഈ സഭാസമ്മേളനത്തില്‍ ഇത് രണ്ടാം തവണയാണ് അടിയന്തര പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുക. തിങ്കളാഴ്ച സോളാര്‍ പീഡനക്കേസില്‍ സിബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച അനുവദിച്ചിരുന്നു