തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിന് സൈബർ ആക്രമണം; പരാതി നൽകി ജെയ്ക്കിന്റെ ഭാര്യ

കോട്ടയം: സൈബർ ആക്രമണത്തിൽ പൊലീസിൽ പരാതി നൽകി പുതുപ്പള്ളി എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു. ഭർത്താവിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിനെ മോശം രീതിയിൽ ചിത്രീകരിച്ച് സൈബർ ആക്രമണം നടത്തുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഗീതു പരാതി നൽകിയത് കോട്ടയം എസ്.പിക്കാണ്.

9 മാസം ഗർഭിണിയാണ് ഗീതു. സൈബർ ആക്രമണം മാനസികമായി തളർത്തിയെന്നും അതാണ് ഈ അവസ്ഥയിലും പരാതി നൽകാൻ എത്തിയതെന്നും ഗീതു വ്യക്തമാക്കി. ജെയ്കിനൊപ്പം ഗീതു അടുത്തുള്ള വീടുകളിൽ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ മോശമായ രീതിയിൽ പ്രചരിപ്പിച്ചെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വീഡിയോ പോസ്റ്റ് ചെയ്തത് കോൺഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ്. കോൺഗ്രസ് അനുകൂലികളായ സ്ത്രീകൾ പോലും പോസ്റ്റിന് താഴെ കമന്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തുവെന്നും ഗീതു ആരോപിച്ചു. ആദ്യം ജെയ്കിനെതിരെ വ്യക്തിപരമായ രീതയിൽ അധിക്ഷേപംനടത്തി. പിന്നീട് ജെയ്ക്കിന്റെ സ്വത്തിനെക്കുറിച്ചും അച്ഛന്റെ പ്രായത്തെപ്പറ്റി പോലും മോശമായ രീതിയിൽ പ്രചാരണമുണ്ടായി. അവസാനം തനിക്കെതിരെയും അധിക്ഷേപം നടത്തി. വ്യക്തിപരമായി ആർക്കെതിരെയും ആരോപണങ്ങൾ ഉയർത്തുന്നത് ശരിയല്ല. അതിൽ രാഷ്ട്രീയമില്ലെന്നും ഗീതു കൂട്ടിച്ചേർത്തു.