വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണം: ജനങ്ങളോട് അഭ്യർത്ഥിച്ച് കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് കെഎസ്ഇബി. കടുത്ത മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലവും, സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഫേസ്ബുക്ക് പേജിലൂടെയാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യം അഭിമുഖീകരിക്കുകയാണ്. ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ മാന്യ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കണമെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു.