അഭിമാന നേട്ടം; കേരളം സ്വന്തമായി വികസിപ്പിച്ച ലിഥിയം ബാറ്ററിയുടെ ആദ്യരൂപം പുറത്തിറക്കി

തിരുവനന്തപുരം: കേരളം സ്വന്തമായി വികസിപ്പിച്ച ലിഥിയം ബാറ്ററിയുടെ ആദ്യരൂപം തയ്യാറാക്കി കേരളത്തിലെ മൂന്നു സാങ്കേതികസ്ഥാപനങ്ങൾ ചേർന്ന കൺസോർഷ്യം. കൺസോർഷ്യം ഇലക്ട്രിക് വാഹനബാറ്ററിക്കുള്ള തദ്ദേശീയ സാങ്കേതികവിദ്യക്ക് രൂപം നൽകിയത് കെ-ഡിസ്‌കിന്റെ നേതൃത്വത്തിലാണ്്.

അസംസ്‌കൃതവസ്തുവായ ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് (എൽ.ടി.ഒ.) തിരുവനന്തപുരത്തെ ടൈറ്റാനിയം കമ്പനി നൽകും. വി.എസ്.എസ്.സി. അതിൽനിന്ന് ഇലക്ട്രോഡുകൾ നിർമിക്കും. സി ഡാക് വാഹനങ്ങളുടെ ബാറ്ററിക്കുവേണ്ട പവർ ഇലക്ട്രോണിക് സംവിധാനങ്ങൾ വികസിപ്പിക്കും. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഇവരെല്ലാം ചേർന്ന കൺസോർഷ്യം വികസിപ്പിച്ച ലിഥിയം ബാറ്ററിയുടെ ആദ്യരൂപം പുറത്തിറക്കിയിരുന്നു.

2.3 വോൾട്ടിന്റെ 20 എ.എച്ച്. (ആംപിയർ അവർ) ബാറ്ററിയാണ് പുറത്തിറക്കിയത്. അതിവേഗചാർജ് ചെയ്യൽ സൗകര്യമുള്ള ബാറ്ററികൂടിയാണിത്. ടൈറ്റാനിയം കമ്പനിയിൽനിന്ന് ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് യഥേഷ്ടം ലഭ്യമാവുമെന്നു തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സംരംഭത്തിന് തയ്യാറെടുത്തതെന്ന് കെ ഡിസ്‌കിന്റെ ഇലക്ട്രിക് വെഹിക്കിൾ ഡിവിഷൻ കൺസൽട്ടന്റ് അശോക് കുമാർ അറിയിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.