ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; സംസ്ഥാനങ്ങളുടെ കൂട്ടായ്മയ്ക്ക് നേരെയുള്ള ആക്രമണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യയെന്നും അതിനു നേർക്കുള്ള ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയൻ ആണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ഈ യൂണിയനെയും അതിന്റെ സംസ്ഥാനങ്ങളെയും ആക്രമിക്കുന്നതാണ്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതിയിൽ അംഗമാകില്ല. പാനലിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുകയാണ് അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ് അദ്ദേഹം കത്ത് നൽകിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

സമിതിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അധിർ രഞ്ജൻ ചൗധരി സമിതിയിൽ നിന്നും പിന്മാറിയത്.

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ വിഷയത്തെ കുറിച്ച് പഠിക്കാൻ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ എട്ടംഗ സമിതി രൂപീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനവും പുറത്തിറക്കി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് എട്ടംഗ സമിതിയുടെ അധ്യക്ഷൻ. ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആയിരുന്ന എൻ.കെ സിങ്, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുബാഷ് കശ്യപ്, സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി തുടങ്ങിയവരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.