കോട്ടയം: സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മൻ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്ന സാഹചര്യത്തിലാണ് അച്ചു ഉമ്മൻ പരാതിയുമായി മുന്നോട്ട് പോകുന്നത്. സെക്രട്ടേറിയറ്റിലെ ഒരു മുൻ ഉദ്യോഗസ്ഥനെതിരെയാണ് അച്ചു ഉമ്മൻ പരാതി നൽകിയത്. പൂജപ്പുര പോലീസിനാണ് പരാതി ലഭിച്ചത്.
പോലീസിന് പുറമെ വനിതാ കമ്മീഷനും തിരഞ്ഞെടുപ്പു കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകി. അതേസമയം, മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ലെന്നും, ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു ഉമ്മൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അധികാരം ദുർവിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയർന്നിട്ടില്ലെന്നും അച്ചു ഉമ്മൻ വ്യക്തമാക്കിയിരുന്നു.
തന്റെ പിതാവിനെ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നവർ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്. അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സൈബർ ആക്രമണം. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിയില്ല. ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.

