കോട്ടയം: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ കേരളത്തെ ഞെരുക്കുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് എംപിമാർ പാർലമെന്റിൽ കേരളത്തിന്റെ ആവശ്യം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതുപ്പള്ളിയിലെ കൂരോപ്പടയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ പൊതു വിപണിയിൽ ഫലപ്രദമായി ഇടപെട്ടുവെന്നും എല്ലാം മേഖലയിലും ഓണം സമൃദ്ധമായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സപ്ലൈകോയിൽ അത്തം മുതൽ തിരുവോണം വരെ ഏഴു കോടി രൂപയുടെ കച്ചവടം നടന്നു. ഈ പത്ത് ദിവസങ്ങളിൽ 32 ലക്ഷം കാർഡ് ഉടമകൾ സബ്സിഡി നിരക്കിൽ സാധനങ്ങൾ കൈപ്പറ്റി. സപ്ലൈകോയുടെ വില്പനശാലകൾ ആകെ എടുത്താൽ 170 കോടിയുടെ കച്ചവടം നടന്നു. സപ്ലൈകോക്കെതിരെ വ്യാജ പ്രചാരണം നടത്താൻ ഇറങ്ങിയവരുടെ മുഖത്തേറ്റ അടിയാണിത്. ഇക്കൂട്ടർക്ക് നാണം എന്ന് പറയുന്നത് ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു.
2681 മെട്രിക് ടൺ പച്ചക്കറികളും പഴവർഗ്ഗങ്ങളും ആണ് തിരുവോണത്തിന് മുമ്പുള്ള നാല് ദിവസങ്ങളിൽ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വില്പന കേന്ദ്രങ്ങളിലൂടെ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് നൽകിയത്. ഇതിന്റെ ഗുണഫലം 20 ലക്ഷത്തിലേറെ പേർക്ക് ലഭിച്ചു. ഓണത്തിന് സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

