തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സിപിഐഎം സൈബർ സഖാക്കൾ ആക്രമിക്കുന്നതിനെ അപലപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും സിപിഐഎം തേജോവധം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പൊതു സമൂഹം ഇതിനെ പറ്റി വിലയിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതുപ്പള്ളിയിൽ ഇതൊന്നും വിലപ്പോവില്ല. ചാണ്ടി ഉമ്മൻ ചരിത്ര ഭൂരിപക്ഷം നേടും. ഉമ്മൻചാണ്ടിയുടെ പേരും സ്ഥാനവും ഉപയോഗിച്ച് അച്ചു ഉമ്മൻ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. സൈബർ സഖാക്കളോട് ഇതിൽ നിന്നും പിന്തിരിയാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ആറാം തീയതിക്ക് ശേഷം പ്രതികരിക്കും.ആ നിലപാടിൽ മാറ്റമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മനും മാറിയം ഉമ്മനും രംഗത്തെത്തിയിരുന്നു. വിമർശനം നല്ലതാണ് എന്നാൽ അതിന് പരിധിയുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കഥകൾ മെനഞ്ഞു വിമർശനം നടത്തുന്നവർ സ്വയം ആലോചിക്കണം. സൈബർ ആക്രമണം ആരോഗ്യകരമായ രീതിയല്ല. ഇതുമായി ബന്ധപ്പെട്ടവർ പിന്മാറണമെന്നും മറിയം ഉമ്മൻ ആവശ്യപ്പെട്ടു.

