സെപ്റ്റംബർ 9 മുതൽ 10 വരെ ഡൽഹിയിൽ വച്ച് നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പങ്കെടുക്കില്ലെന്ന് റഷ്യൻ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് അറിയിച്ചു. 2022 ഫെബ്രുവരിയിൽ യുക്രൈൻ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം അടുത്തിടെ നടന്ന മറ്റ് അന്താരാഷ്ട്ര ഉച്ചകോടികളിലൊന്നും പുടിൻ പങ്കെടുത്തിരുത്തിരുന്നില്ല. നേരത്തെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന 15-ാമത് ബ്രിക്‌സ് ഉച്ചകോടിയിലും അദ്ദേഹം നേരിട്ടുപങ്കെടുത്തിരുന്നില്ല.
വിർച്വലി പരിപാടിയെ അഭിസംബോധന ചെയ്തിരുന്നു വ്‌ളാഡിമിർ പുടിൻ ഒഴിവാക്കുന്ന മറ്റൊരു വലിയ അന്താരാഷ്ട്ര പരിപാടികൂടിയാണ് G20. ബ്രിക്‌സ് 15-ാം ഉച്ചകോടിയിൽ റഷ്യൻ പ്രതിനിധി സംഘത്തെ നയിച്ചത് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവയായിരുന്നു. റഷ്യൻ പ്രസിഡന്റ് ജി 20 ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ക്രെംലിൻ വക്താവ് കൂട്ടിച്ചേർത്തതോടൊപ്പം ഇപ്പോൾ അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ പ്രത്യേക സൈനിക നടപടിയിൽ ആയിരിക്കുമെന്നും പറഞ്ഞു.
യുക്രൈൻ അധിനിവേശത്തിന് റഷ്യക്കെതിരെ കനത്ത ഉപരോധം ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ നേതാക്കൾ ജി 20 പരിപാടിയിൽ പങ്കെടുക്കുമെന്നതിനാൽ ഉച്ചകോടി വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്.
ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പോകുമെന്ന് നിരവധി നേതാക്കൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 7 മുതൽ 10 വരെ പ്രസിഡന്റ് ജോ ബൈഡൻ ഡൽഹിയിൽ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ഇന്ത്യയിലേക്കുള്ള തന്റെ യാത്രാ പ്രഖ്യാപിച്ചിരുന്നു.
2022 ഫെബ്രുവരിയിൽ യുക്രൈൻ അധിനിവേശത്തിനുശേഷം റഷ്യൻ പ്രസിഡന്റ് പങ്കെടുക്കാത്ത തുടർച്ചയായ രണ്ടാമത്തെ ജി20 ഉച്ചകോടിയാണ് ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ലീഡേഴ്‌സ് ഉച്ചകോടി. നേരത്തെ 2022ൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിൽ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.
2014ൽ ക്രിമിയ പിടിച്ചടക്കിയ സമയത്തും വ്‌ളാഡിമിർ പുടിൻ ജി20 ഉച്ചകോടിയിൽ പങ്കെടുത്തിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
പാശ്ചാത്യ നേതാക്കളുമായി നേരിട്ട് ഏറ്റുമുട്ടാൻ താൽപ്പര്യമില്ലാത്തതിനാൽ റഷ്യൻ പ്രസിഡന്റ് അന്താരാഷ്ട്ര പരിപാടികളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ് ജിയോ-പൊളിറ്റിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.ഓഗസ്റ്റ് അവസാനം പുടിൻ തുർക്കിയിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നു. തുർക്കി പുടിൻ സന്ദർശിക്കുമെന്ന് മാധ്യമങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആ സന്ദർശനം സ്ഥിരീകരിക്കാൻ റഷ്യൻ വൃത്തങ്ങൾ വിസമ്മതിച്ചിരിക്കുകയാണ്.

