കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദേശം. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തിവെയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. കോട്ടയം ജില്ല തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കത്ത് നൽകിയിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരും വരെ കിറ്റ് വിതരണം നിർത്തിവെക്കാനാണ് തീരുമാനം.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു. ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനമെന്ന് അദ്ദേഹം കത്തിൽ പറയുന്നു. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാൻ പാടില്ല. ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.ഈ സാഹചര്യത്തിൽ കേട്ടയം ജില്ലയിലും ഓണ കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
60 വയസിന് മുകളിൽ പ്രായമുള്ള പട്ടിക വർഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ നൽകുന്ന പദ്ധതിയിൽ നിന്നും കോട്ടയം ജില്ലയെ തൽക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിൻവലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

