പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; അരവിന്ദ് കേജ്രിവാളിന് തിരിച്ചടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ അരവിന്ദ് കെജ്രിവാളിന്റെ സ്റ്റേ ആവശ്യം സുപ്രീംകോടതി തള്ളി. പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമാണെന്നുള്ള അരവിന്ദ് കേജ്രിവാളിന്റെ പരാമർശത്തിലായിരുന്നു കേസ്.

ഗുജറാത്ത് ഹൈക്കോടതി 29ന് ഈ കേസ് പരിഗണിക്കുന്നുണ്ട്. അതിനാലാണ് സ്റ്റേ ആവശ്യം തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് പരിഹാസവും അപകീർത്തിപരവുമായ പ്രസ്താവനകൾ നടത്തിയതിനാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ആംആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിങ് എന്നിവർക്കെതിരെ ഗുജറാത്ത് സർവകലാശാല കേസ് നൽകിയത്.

പത്രസമ്മേളനത്തിലും ട്വിറ്ററിലും നടത്തിയ പരാമർശം ഗുജറാത്ത് സർവകലാശാലയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയത്. റജിസ്ട്രാർ പീയുഷ് പട്ടേലാണ് പരാതി നൽകിയത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കേജ്രിവാളിനും സഞ്ജയ് സിങ്ങിനും അവരുടെ വാദങ്ങൾ ഹൈക്കോടതിയിൽ ഉയർത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട അരവിന്ദ് കേജ്രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴയിട്ടിരുന്നു.