കൊടി സുനിയ്ക്ക് ട്രെയിനിൽ സുഖയാത്ര; ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പെന്ന് കെ കെ രമ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കെ കെ രമ എംഎൽഎ. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയ്ക്ക് ട്രെയിനിൽ പോലീസ് സുഖയാത്ര ഒരുക്കിയെന്ന് രമ പറഞ്ഞു. വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനിടെ കേസിലെ മറ്റൊരു പ്രതിയായ എം സി അനൂപിനൊപ്പം വിലങ്ങുപോലുമില്ലാതെ ട്രെയിനിൽ സഞ്ചരിക്കുന്ന കൊടി സുനിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചു കൊണ്ടാണ് രമയുടെ പരാമർശം.

കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പോലിസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്. ഒപ്പം മറ്റൊരു പ്രതിയായ എം സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പോലിസ് 489/23 നമ്പർ പ്രകാരം ഒരു കേസ് റജിസ്ട്രർ ചെയ്തിട്ടുണ്ട്. ഇയാൾ പരോളിൽ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ്.ഐ.ആർ. പരോളിൽ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസിൽ എഫ്.ഐ.ആർ ഇട്ടിട്ടും ഇയാൾ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നതെന്ന് രമ ചോദിക്കുന്നു.

കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പാണ് ഇവിടെയുള്ളതെന്നും രമ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ടി.പി വധക്കേസിലെ പ്രതികൾക്ക് ഇടതു സർക്കാർ നൽകിവരുന്ന വി.ഐ.പി പരിഗണനകൾ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതി കൊടിസുനിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പോലിസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്. ഒപ്പം മറ്റൊരു പ്രതിയായ എം.സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പോലിസ് 489/23 നമ്പർ പ്രകാരം ഒരു കേസ് റജിസ്ട്രർ ചെയ്തിട്ടുണ്ട്.

ഇയാൾ പരോളിൽ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ്.ഐ.ആർ? പരോളിൽ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസിൽ എഫ്.ഐ.ആർ ഇട്ടിട്ടും ഇയാൾ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്?

കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും.