കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ ആരോപണവുമായി വീണ്ടും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ രംഗത്ത്. വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. 42 ലക്ഷം രൂപ അധികമായി സിഎംആർഎല്ലിൽ നിന്ന് വാങ്ങിയതിന് രേഖകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കമ്പനിയുടെ ഉടമയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നും പണം വാങ്ങിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
വീണ സിഎംആർഎലിൽനിന്ന് 42,48,000 രൂപ വാങ്ങി. 2014-15ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ വീണ നിക്ഷേപിച്ചു. 201516 വർഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആർഎൽ കമ്പനി ഉടമയുടെ ഭാര്യയിൽനിന്ന് 25 ലക്ഷം ലഭിച്ചു. പിറ്റേവർഷം 37 ലക്ഷം രൂപ നൽകി. 2017-18 വർഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവർഷം 17 ലക്ഷം രൂപ നഷ്ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിലാണ് മാത്യു കുഴൽനാടൻ ഇക്കാര്യം അറിയിച്ചത്.
കമ്പനി വാങ്ങിച്ച പണം സേവനത്തിനായി ലഭിച്ചതല്ല. അധികാരസ്ഥാനത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതിനായി നൽകിയതാണ്. 2014ൽ തുടങ്ങിയ എക്സാ ലോജിക് പ്രവർത്തനരഹിതമാണെന്നും പ്രവർത്തിക്കാത്ത കമ്പനിക്ക് ധനസഹായം എങ്ങനെ ലഭിച്ചെന്നും അദ്ദേഹം ചോദിക്കുന്നു. സർക്കാരിനെതിരായ പോരാട്ടത്തിന് വലിയ ജനപിന്തുണ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

