ഇടുക്കി: ഇടുക്കി ജില്ലയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ. 1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ.
അതേസമയം, ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവച്ചു. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
മഹാത്മാ ഗാന്ധി സർവകലാശാല ഓഗസ്റ്റ് 18 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ച്ചത്തേക്ക് മാറ്റി. പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകൾ 1.30 മുതൽ 4.30 വരെയായിരിക്കുമെന്നും പരീക്ഷാ കൺട്രോളർ വ്യക്തമാക്കി.

