തിരുവനന്തപുരം : കേരളത്തിൽ വാഹനങ്ങൾക്ക് തീ പിടിക്കുന്ന സംഭവങ്ങൾ അനുദിനം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ വാഹനങ്ങളിലെ തീപിടുത്തത്തെപ്പറ്റി പഠിക്കാനായി വിദഗ്ധസമിതിയെ രൂപീകരിക്കാനൊരുങ്ങി കേരളസർക്കാർ . ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടന്ന വാഹനങ്ങളിലെ തീപിടുത്തത്തെ പറ്റി അന്വേഷിക്കാനും വാഹനങ്ങളുടെ അനധികൃതമായുള്ള രൂപമാറ്റത്തിനെതിരെ നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയിൽ ഓട്ടോമൊബൈൽ എൻജിനീയർമാരും ഉണ്ടായിരിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിൽ നടന്ന സംഭവങ്ങൾ സമിതി വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും.
വാഹനങ്ങളിലെ അശാസ്ത്രീയമായ രൂപമാറ്റമാണ് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി. നിരന്തരം വാഹന നിയമങ്ങൾ ലംഘിക്കുന്നവരുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാനും വാഹനം നിയമങ്ങൾ അനുസരിക്കുന്നവരുടെ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനുള്ള തീരുമാനവും യോഗത്തിലെടുത്തു. അപകടങ്ങൾക്കെതിരെ ബോധവൽക്കരണം നടത്താനായി സർക്കാർ നടപടി സ്വീകരിക്കുമെന്നും യോഗം വ്യക്തമാക്കി.

