തിരുവനന്തപുരം: തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാൻ തീരുമാനം. റെയിൽവേ ബോർഡാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിറക്കിയത്. പുതിയ പാമ്പൻ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ മണ്ഡപം വരെ സർവീസ് നടത്താനാണ് സാധ്യതയെന്നാണ് വിവരം.
ഡിസംബർ മാസം പാലം നിർമാണം പൂർത്തിയാകുകയാണെങ്കിൽ ട്രെയിൻ രാമേശ്വരത്ത് എത്തും. വിശദമായ വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
22 കോച്ചുകളാകും ട്രെയിനിലുണ്ടാകുക. ഇതിൽ 13 സ്ലീപ്പർ കോച്ച്, മൂന്ന് തേർഡ് എസി കോച്ച്, ഒരു സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി, രണ്ട് ജനറൽ കോച്ച് എന്നിവ ഉൾപ്പെടുന്നു. ട്രെയിൻ രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.40ന് രാമേശ്വരത്ത് എത്തും. മടക്കയാത്രയിൽ രാമേശ്വരത്ത് നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് എത്തുന്നതാണ്.

