ന്യൂഡൽഹി: സർക്കാർ ഉൾപ്പെടുന്ന കേസുകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്ക് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ കരട് സമർപ്പിച്ചു. ജുഡീഷ്യറിയും സർക്കാരും തമ്മിൽ സൗഹാർദ്ദപരവും അനുകൂലവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
അസാധാരണമായ സന്ദർഭങ്ങളിൽ മാത്രമേ സർക്കാർ ഉദ്യോഗസ്ഥരെ കോടതി വിളിപ്പിച്ചു വരുത്താൻ പാടുള്ളുവെന്ന് കരടിൽ വ്യക്തമാക്കുന്നു. കോടതിയിൽ പറയുന്ന വാദങ്ങളുടെ പേരിൽ സർക്കാർ അഭിഭാഷകർക്കെതിരെ കോടതിയലക്ഷ്യം പാടില്ലെന്ന നിർദ്ദേശവും കരടിൽ മുന്നോട്ടുവെച്ചിട്ടുണ്ട്.
കോടതിയിൽ ഹാജരാകുന്ന ഉദ്യോഗസ്ഥനെ അവഹേളിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണം, നയപരമായ വിഷയങ്ങളിൽ തീരുമാനം സർക്കാരിന് വിടണം തുടങ്ങിയ നിർദ്ദേശങ്ങളും കരടിലുണ്ട്.

