എറണാകുളം: കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിനു മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസിയാണ് ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത്. സർക്കാരിൽ നിന്ന് 30 കോടി ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നൽകാൻ കഴിയുന്നതാണ്. ഓഗസ്റ്റ് 21 ന് കെഎസ്ആർടിസി ശമ്പള വിഷയം ഹൈക്കോടതി പരിഗണിക്കും. അതേസമയം, ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

