മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് നാട്ടിൽ കുഴൽ നാടൻ എംഎൽഎ

തിരുവനന്തപുരം : തന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ള നിയമകാര്യ കമ്പനിയുടെ സാമ്പത്തിക ഇടപാട് രേഖകൾ പുറത്തുവിടാൻ തയ്യാറാണെന്നും വീണയുടെ പേരിലുള്ള കമ്പനിയുടെ 2016 മുതലുള്ള സാമ്പത്തിക ഇടപാട് വെളിപ്പെടുത്താൻ തയ്യാറാണോയെന്നും വെല്ലുവിളിച്ച് കുഴൽനാടൻ എംഎൽഎ. സിപിഎം ഒരു അന്വേഷണ കമ്മീഷനെ വെച്ചാൽ തന്റെ കമ്പനിയുടെ രേഖകൾ അവർക്ക് കൈമാറും. തനിക്ക് പങ്കാളിത്തമുള്ള കമ്പനിയിൽ ജോലി ചെയ്തവരുടെ വിവരങ്ങളും കൈമാറാം. തോമസ് ഐസക്കിനെ പോലെ സാമ്പത്തികശാസ്ത്രം അറിയാവുന്ന നേതാക്കൾ തന്നെ പരിശോധിക്കുന്നതായിരിക്കും ഉചിതം. വീണയുടെ കമ്പനിയിൽ ജോലി ചെയ്ത ഭൂരിപക്ഷം ആളുകളുടെയെങ്കിലും വിവരം പുറത്തുവിടാൻ സർക്കാർ തയ്യാറാകണം എന്നിങ്ങനെയായിരുന്നു തന്റെ പങ്കാളിത്തത്തിലുള്ള കമ്പനി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന സിപിഎം ആരോപണത്തിൽ കുഴൽ നാടൻ എംഎൽഎയുടെ പ്രതികരണം.

ഭൂമിയുടെ വിലയെക്കാൾ അധികം ആറ് ലക്ഷം രൂപ നികുതി അടച്ചിട്ടും താൻ മൂന്നാറിൽ ഭൂമി വാങ്ങിയപ്പോൾ നികുതി വെട്ടിച്ചുവെന്ന് ആരോപണം ഉണ്ടായി. ഇപ്പോഴത്തെ സിപിഎമ്മിന്റെ ആരോപണത്തിലൂടെ താൻ മാത്രമല്ല തന്റെ കമ്പനിയിൽ പങ്കാളിത്തമുള്ള മൂന്നു പേരുകൂടിയാണ് സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. അധ്വാനത്തിന്റെയും വിയർപ്പിന്റെയും വില അറിയാത്തതിനാണ് സിപിഎം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എംഎൽഎ വിമർശിച്ചു. വിദേശ കമ്പനികളുടെ കേസ് വാദിച്ചതിൽ ഫീസ് ആയി തന്റെ കമ്പനിക്ക് വിദേശത്തുനിന്ന് പണം വന്നിട്ടുണ്ടെന്നും മാത്യു കുഴൽ നാടൻ വ്യക്തമാക്കി.