സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതി; അധിക വൈദ്യുതി പണം കൊടുത്തു വാങ്ങേണ്ടിവരുമെന്ന് മന്ത്രി

പാലക്കാട്: സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. അധിക വൈദ്യുതി പണം കൊടുത്തു വാങ്ങേണ്ടിവരുമെന്ന അവസ്ഥയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നാളെ ചേരുന്ന യോഗത്തിന് ശേഷം നിരക്ക് വർധനയിലുൾപ്പെടെ അന്തിമ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്ഥിതി തുടർന്നാൽ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ല. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ഏത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, നിരക്ക് വർദ്ധനക്ക് എതിരെ എച്ച് ടി ഉപഭോക്താക്കളുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ച് താത്ക്കാലിക സ്റ്റേ നേടിയിരുന്നു. നാളെ ഈ കേസ് കോടതി വീണ്ടും പരിഗണിക്കും.