സിഎംആർഎൽ കമ്പനിയിൽ നിന്നു പാർട്ടി ഫണ്ട് എന്ന രീതിയിൽ പണം വാങ്ങി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയിൽ നിന്നു പണം വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ച സമയത്ത് പാർട്ടി ഫണ്ട് എന്ന രീതിയിൽ പണം വാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. അതു കൃത്യമായി പാർട്ടി അക്കൗണ്ടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എത്ര പണമാണ് വാങ്ങിയതെന്ന് ഓർമയില്ല. പ്രത്യുപകാരമായി എംഡി ശശിധരൻ കർത്തയ്ക്ക് ഒരു സഹായവും ചെയ്ത് നൽകിയിട്ടില്ല. എന്ത് ഉദ്ദേശം വച്ചാണ് കർത്ത സംഭാവന നൽകിയതെന്നറിയല്ല. താൻ ഈ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ പണം വാങ്ങിയത് പാർട്ടിക്ക് വേണ്ടിയാണ്.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ ആരോപണം ഗുരുതരമാണ്. വീണയ്ക്ക് പണം നൽകിയത് അഴിമതി തന്നെയാണ്. കർത്തയെ പോലുള്ളവരോട് പണം വാങ്ങിക്കരുതെന്ന വിഎം സുധീരന്റെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.