തിരുവനന്തപുരം: കരിമണൽ കർത്തയിൽ നിന്നു യുഡിഎഫിലെ നേതാക്കൾ പണം വാങ്ങിയതിൽ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തനത്തിനു പണം ആവശ്യമുണ്ടെന്നും കച്ചവടക്കാരിൽ നിന്നും വ്യവസായികളിൽ നിന്നുമെല്ലാം പാർട്ടികൾ സംഭാവന വാങ്ങാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അത്തരത്തിൽ പാർട്ടി ചുമതലപ്പെടുത്തിയവരാണു സിഎംആർഎലിൽനിന്നു വാങ്ങിയത്. എന്നാൽ വീണ വിജയന്റെ കേസ് വ്യത്യസ്തമാണെന്നും മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതര ആരോപണമാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. കമ്പനിയുമായി കരാർ ഉണ്ടാക്കിയത് തെറ്റായ രീതിയിൽ പണം കൈപ്പറ്റുന്നതിനാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. പ്രതിപക്ഷം നിയമസഭയിൽ ഏതു വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കണമെന്നു തീരുമാനിക്കുന്നതു മാധ്യമങ്ങളല്ല. അഴിമതിയാരോപണം റൂൾ 50 പ്രകാരം അവതരിപ്പിക്കാൻ അനുമതി ലഭിക്കില്ലെന്നതിനാലാണ് അവതരിപ്പിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

