ബ്രഹ്മപുരം; പ്ലാസ്റ്റിക് മാലിന്യം കത്തിയ ചാരം ജലാശയത്തിൽ കലരാതിരിക്കാൻ ചെലവഴിച്ചത് കോടികൾ

കൊച്ചി: ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിയ ചാരം ജലാശയത്തിൽ കലരാതിരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ചെലവാക്കിയ തുകയുടെ കണക്ക് പുറത്ത്. 1.41 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. പരിസ്ഥിതി സംരക്ഷണ ഫണ്ടിൽ നിന്നാണ് തുക ലഭിച്ചത്. ബ്രഹ്മപുരത്തെ മാലിന്യമലയ്ക്കു മുകളിൽ ടാർപോളിൻ വിരിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾക്കായി ഈ തുക ഉപയോഗപ്പെടുത്തി. കത്തിയ മാലിന്യ കൂമ്പാരത്തിനുള്ളിലേക്കു മഴവെള്ളം ഒലിച്ചിറങ്ങുന്നതു തടയാൻ വേണ്ടി 50,000 ചതുരശ്ര മീറ്റർ ഭാഗം ഭാരം കുറഞ്ഞ ടാർപോളിൻ ഉപയോഗിച്ചു മൂടിയിട്ടുണ്ട്.

ടാർപോളിൻ ഷീറ്റിലൂടെ ഒലിച്ചു വന്ന വെള്ളം ചുറ്റുമുള്ള മൺകിടങ്ങുകളിലൂടെ ഒഴുക്കി ടാങ്കിൽ ശേഖരിച്ചുവെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ട്രൈബ്യൂണലിനെ അറിയിച്ചു.ചാരമടങ്ങിയ വെള്ളം ചിത്രപ്പുഴയിലേക്ക് ഒഴുകാതിരിക്കാൻ തെങ്ങിൻത്തടികൾ ഉപയോഗിച്ചു തൂണുകൾ കെട്ടി രണ്ടു ബണ്ടുകൾ നിർമിച്ചിരുന്നു. രണ്ടാമത്തെ ബണ്ടിൽ ഫൈറ്റോപ്ലാസ്മ ഇനത്തിലുള്ള സസ്യങ്ങൾ ഉപയോഗിച്ചു വെള്ളത്തിലെ ചാരം, ഘന ലോഹങ്ങൾ എന്നിവ നീക്കം ചെയ്ത ശേഷമാണു പുഴയിലേക്ക് ഒഴുക്കിയതെന്നാണ് ബോർഡ് വിശദമാക്കിയിട്ടുള്ളത്.

അതേസമയം, ഇനി ഇനി ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടാകാതിരിക്കാൻ അടിയന്തരമായി നടപ്പാക്കിയ പദ്ധതികൾക്കു 1.03 കോടി രൂപയാണ് കോർപറേഷൻ ആകെ ചെലവാക്കിയത്. കെട്ടിക്കിടക്കുന്ന മാലിന്യം വ്യത്യസ്തമായ ചെറു കൂനകളാക്കി മാറ്റി അതിനു ചുറ്റിലുമായി വഴി നിർമിക്കുന്നതായിരുന്നു പ്രധാന ജോലി. ഇതിനു ചെലവാക്കിയത് 71.80 ലക്ഷം രൂപയാണ്.