ഫ്‌ളൈയിങ് കിസ് ആരോപണത്തിൽ സ്‌മൃതി ഇറാനിയെ വിമർശിച്ച് നടൻ രംഗത്തെത്തി

ബെംഗളൂരു : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി ഉന്നയിച്ച ഫ്‌ളൈയിങ് കിസ് ആരോപണത്തിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ് രംഗത്തെത്തി. മണിപ്പൂർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ട് പോകുമ്പോൾ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയെന്നായിരുന്നു ബി ജെ പി നേതാവിന്റെ ആരോപണം. രാഹുലിന് ശേഷം സ്‌മൃതിയായിരുന്നു സഭയിൽ സംസാരിച്ചത്. സഭയുടെ അന്തസ്സിന് നിരക്കാത്ത വിധം പെരുമാറി എന്നായിരുന്നു സ്‌പീക്കർക്ക് ഈ വിഷയത്തിൽ പരാതി നൽകിയ ശേഷം ബി ജെ പി വനിത എം പി മാർ പറഞ്ഞത്.

സ്മൃതി ഇറാനി രാഹുലിനെതിരെ ആരോപണം ഉന്നയിക്കുന്ന എ എൻ ഐ യുടെ പോസ്റ്റ് പങ്ക് വച്ചായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ‘മുൻഗണനകൾ… മാഡത്തെ ഫ്‌ളൈയിങ് കിസ് അലോസരപ്പെടുത്തി, എന്നാൽ മണിപ്പൂരിലെ സ്ത്രീകളുടെ പ്രശ്നം അലോസരപ്പെടുത്തുന്നില്ല’ എന്നായിരുന്നു പ്രകാശ് രാജിന്റെ വിമർശനം. അതേ സമയം ഭരണ – പ്രതിപക്ഷ ബെഞ്ചുകളെ നോക്കി രാഹുൽ ഫ്‌ളൈയിങ് കിസ് നൽകുന്നതിന്റെ ചിത്രം എന്ന വിവരണത്തോടെ ബി ജെ പിയുടെ ഐ ടി വിഭാഗം മേധാവി അമിത് മാളവ്യ സൻസദ് ടി വിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. പ്രസംഗം അവസാനിപ്പിച്ച് പോകുന്നതിന് മുൻപ് രാഹുൽ സ്നേഹാശ്ലേഷണം നല്കിയതാണെന്നാണ് കോൺഗ്രസ് പ്രതികരണം നടത്തിയത്.