കൊച്ചി: സംവിധായകൻ സിദ്ദിഖിന് വിട ചൊല്ലി സിനിമാ ലോകം. ചൊവ്വാഴ്ച്ചയാണ് സിദ്ദിഖ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്. മലയാളത്തിലെ കോമഡി സിനിമകളിൽ വഴിത്തിരിവ് സൃഷ്ടിച്ച വ്യക്തിയാണ് സിദ്ദിഖ്.
കഴിഞ്ഞ ദിവസം മുതൽ എക്മോ സപ്പോർട്ടിലായിരുന്നു സിദ്ധിഖ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഈ അസുഖങ്ങളിൽ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്.
നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ധിഖ് കലാലോകത്തേയ്ക്ക് എത്തുന്നത്. തുടർന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ധിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ധിഖും സിനിമയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
സംവിധായകൻ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ധിഖിന്റെ സിനിമാ പ്രവേശം. സിദ്ധിഖ് – ലാൽ കോമ്പോ മോഹൻലാൽ ചിത്രമായ ‘പപ്പൻ പ്രിയപ്പെട്ട പപ്പനി’ലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹൻലാലിന്റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ധിഖും ലാലും തിളങ്ങി. സംവിധായകർ എന്ന നിലയിൽ ആദ്യ ചിത്രം ‘റാംജി റാവു സ്പീക്കിംഗ് ആയിരുന്നു. സിദ്ധിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.
അന്നോളമുള്ള കോമഡി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ധിഖും ആദ്യ സംരഭത്തിൽ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി. സിദ്ധിഖ്- ലാൽ തുടർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഇൻ ഹരിഹർ നഗറും’ ഹിറ്റായതോടെ ഇരുവരും മലയാളത്തിലെ പൊന്നുംവിലയുള്ള സംവിധായകരായി. മലയാളത്തിലെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായ ‘ഗോഡ് ഫാദറും’ പ്രേക്ഷകരിലേക്ക് എത്തിച്ചതോടെ സിദ്ധിഖ്- ലാൽ ചിത്രങ്ങളിലെ അവസരത്തിനായി താരങ്ങളും കാത്തിരുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. ‘വിയറ്റ്നാം കോളനി’, ‘കാബൂളിവാല’ എന്നിവയുടെ സംവിധായകരായും സിദ്ധിഖ്- ലാൽ പേരെടുത്തു.
സിദ്ധിഖ്- ലാൽ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും ഇരുവരും തുടർച്ചയായി ഹിറ്റുകളിൽ പങ്കാളിയായി. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ധിഖ് സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ ‘ഹിറ്റ്ലർ’ ആയിരുന്നു. ചിത്രത്തിന്റെ നിർമാണത്തിൽ ലാലും പങ്കാളിയായി. മലയാളത്തിന്റെ ചിരിവിരുന്നായ ‘ഫ്രണ്ട്സ്’ സിദ്ധിഖിന്റെ സംവിധാനത്തിൽ തമിഴിലും ഹിറ്റായി. ‘ഫുക്രി’, ‘ബിഗ് ബ്രദർ’ എന്നീ ചിത്രങ്ങളുടെ നിർമാതാവായ സിദ്ധിഖ് നടനായും എത്തിയിട്ടുണ്ട്.
സിദ്ധിഖ് നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ‘മമ്മൂട്ടി ദ ബെസ്റ്റ് ആക്ടർ അവാർഡി’ന്റെ ജഡ്ജ് ആയിരുന്നു. കോമഡി സ്റ്റാർ സീസൺ 2 ഷോയിലും ജഡ്ജായെത്തി. സിനിമാ ചിരിമ എന്ന ടെലിവിഷൻ ഷോയുടെ അവതാരകനായിരുന്നു. മലയാളത്തിന്റെ പുതു മിമിക്രി സിനിമാ താരങ്ങൾക്ക് സിദ്ധിഖ് എന്നും പ്രോത്സാഹനവുമായി എത്താറുണ്ട്.
അതേസമയം, സിദ്ദിഖിന്റെ ഭൗതിക ശരീരം ബുധനാഴ്ച്ച രാവിലെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണിവരെ പൗരവലിക്കും, സിനിമ രംഗത്തുള്ളവർക്കും ആദരാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടാകും. തുടർന്ന് മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം.

