തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തെച്ചൊല്ലിയുള്ള വിവാദം അവസാനിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ. രഞ്ജിത്ത് പറഞ്ഞത് ജൂറി കേൾക്കാൻ തയ്യാറാകാതെ വന്നതോടെ വിവാദം അവിടെ തീർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പുരസ്‌ക്കാര നിർണയത്തിൽ ആർക്കും ഇടപെടാനാവില്ല. ഇടതു മുന്നണിയാണ് ഇവിടെ ഭരിക്കുന്നത്. രഞ്ജിത്ത് അല്ല ആർക്കും ഇതിൽ ഇടപെടാനാവില്ല. ആരോപണം ഉന്നയിച്ച അവാർഡ് ജൂറി അംഗം നേമം പുഷ്പരാജിനോട് താൻ സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മൂന്ന് അവാർഡുകൾ പ്രഖ്യാപിച്ചു. ആരും ഇതുവരെ പരാതിയുമായി എത്തിയിട്ടില്ല. ഇത്തവണ രഞ്ജിത്തിന്റെ വിവാദവുമായി എത്തി. ഇവിടെ ഭരിക്കുന്നത് ഇടതു മുന്നണി ഗവൺമെന്റ് ആണ്. ഇടപെടാൻ ആർക്കും പറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിന്റെ മന്ത്രി താനാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇടപെടാൻ ആർക്കും പറ്റില്ല. അങ്ങനെ ഇടപെടാൻ പറ്റിയാൽ നമുക്ക് ആ കസേരയിൽ ഇരിക്കാൻ പറ്റുമോ. അവാർഡ് ജൂറിയിൽ ഇരിക്കുന്ന ആരെങ്കിലും രഞ്ജിത്ത് പറയുന്നത് കേട്ടോ. അങ്ങനെയെന്തെങ്കിലും ചെയ്തതായി പരാതിക്കാർ പറയണം. അങ്ങനെ ആർക്കും പരാതിയില്ല. രഞ്ജിത്ത് പറഞ്ഞു എന്നതാണ് പ്രശ്‌നം. പരാതിയുണ്ടെങ്കിൽ അത് അന്വേഷിക്കാമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന ചലച്ചിത്ര അവാർഡിൽ ആർക്കും ഇടപെടാനാവില്ല. രഞ്ജിത്ത് വിചാരിച്ചാൽ നടക്കുന്ന കാര്യങ്ങളല്ല കേരളത്തിൽ നടക്കുന്നത്. അദ്ദേഹം ജൂറി അംഗമല്ല. അദ്ദേഹം പറയുന്നത് കേൾക്കേണ്ട കാര്യം ജൂറിക്കില്ല. രഞ്ജിത്തിന്റെ വാക്കുകൾ വിധിനിർണയത്തെ ബാധിച്ചോ എന്നു താൻ നേമം പുഷ്പരാജിനോട് ചോദിച്ചു. ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് അവിടെ തീർന്നു. രഞ്ജിത്ത് മഹത്തായ ചലച്ചിത്രകാരൻ ആണ് എന്നതിൽ ആർക്കും സംശയമൊന്നുമില്ല. ചലച്ചിത്ര രംഗത്ത് പ്രമുഖനായ വ്യക്തിയാണ്. വിനയൻ ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്നു പരിശോധിക്കേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. ചലച്ചിത്ര അക്കാദമി ഇടപെട്ട് സ്വാധീനിച്ചാണ് വിധി നിർണയിച്ചത് എന്ന് ആർക്കും പറയാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

