തിരുവനന്തപുരം: രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫിന്റെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ആവശ്യമില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
ഇടതു സർവീസ് സംഘടനാ നേതാക്കളായ ജീവനക്കാരുടെ വിശദീകരണം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ജീവനക്കാർക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യമില്ലെന്ന റിപ്പോർട്ട് സർക്കാർ രാജ്ഭവ് കൈമാറിയിരിക്കുകയാണ്. വിഷയത്തിൽ ബിജെപി നേതൃത്വമാണ് ഗവർണർക്ക് പരാതി നൽകിയത്.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാരിനോട് രാജ്ഭവൻ വിശദീകരണം ചോദിച്ചത്. 2022 മാർച്ച് 15ന് രാജ്ഭവനിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്തത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി അന്നേദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ ഗവർണർക്കെതിരെ സർക്കാർ ജീവനക്കാർ സമരം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നായിരുന്നു സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.
എന്നാൽ ഈ ഹർജിയിൽ കോടതി ഇടപെട്ടില്ല. വിഷയത്തിൽ ചീഫ് സെക്രട്ടറിക്കു പരാതി ലഭിച്ചാൽ നിയമാനുസൃതം പരിഗണിച്ചു തീർപ്പാക്കണമെന്നായിരുന്നു കോടതി നൽകിയ നിർദ്ദേശം. തുടർന്ന് ബിജെപി ജില്ലാ നേതൃത്വം ഗവർണർക്കു പരാതി നൽകി. പ്രതിഷേധത്തിൽ പങ്കെടുത്ത ഇടതു സംഘടനകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങളും വിഡിയോ ദൃശ്യങ്ങളും കൈമാറി. രാജ്ഭവൻ ചീഫ് സെക്രട്ടറിക്ക് നിവേദനം തുടർനടപടികൾക്കായി അയച്ചു.
രാഷ്ട്രീയ സംഘടനകളുടെ സമരത്തിലല്ല പങ്കെടുത്തതെന്ന് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയോട് വിശദീകരിച്ചു. ഉദ്യോഗസ്ഥ വിശദീകരണം അംഗീകരിച്ച മുഖ്യമന്ത്രി, തുടർനടപടികൾ വേണ്ടെന്നു നിർദേശം നൽകുകയായിരുന്നു.

