തിരുവനന്തപുരം: സ്പീക്കറുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വിശ്വാസികളെ വേദനിപ്പിച്ച പരാമർശങ്ങൾ തിരുത്തി സ്പീക്കർ പ്രശ്നം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനവികാരം മാനിച്ചുകൊണ്ട് സ്പീക്കർ തെറ്റുതിരുത്തുകയോ സിപിഎം അതിനു നിർദേശിക്കുകയോ ചെയ്യണമായിരുന്നു. സംസ്ഥാനത്ത് വർഗീയത ആളിക്കത്തിക്കുന്നതിനു പകരം സ്പീക്കർ ഒരു നിമിഷംപോലും വൈകാതെ തെറ്റ് തിരുത്തി പ്രശ്‌നം അവസാനിപ്പിക്കണം. സ്പീക്കരുടെ പരാമർശം വിശ്വാസികൾക്ക് വേദനയുണ്ടാക്കി. ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കർ നടത്തിയ ഗുരുതരമായ പരാമർശങ്ങൾക്ക് സിപിഎം നല്കുന്ന പൂർണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
ഭരണകൂടം മതപരമായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിത്തറ. ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സ്പീക്കർ മതപരമായ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതിൽ ജാഗ്രത പുലർത്തണം. മാപ്പുമില്ല, തിരുത്തുമില്ല എന്ന ആക്രോശിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി, ശബരിമല വിഷയയത്തിൽ തെറ്റായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് വീടുവീടാന്തരം കയറിയിറങ്ങി മാപ്പുപറഞ്ഞ സമീപകാല ചരിത്രം മറക്കരുത്. വിശ്വാസികൾക്കൊപ്പമാണ് സിപിഎം എന്ന് ആവർത്തിച്ചു പറയുകയും അവരെ ആവർത്തിച്ച് വ്രണപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സിപിഎം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതു തന്നെയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഉന്നതമായ മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എൻഎസ്എസിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തിൽ എൻഎസ്എസ് എടുത്ത ശ്ലാഘനീയമായ നിലപാടിനെ സ്മരിക്കുന്നു. സംഘപരിവാറിന്റെ വർഗീയ അജണ്ടക്കൊപ്പം നിൽക്കാതെ എന്നും മത നിരപേക്ഷ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള എൻ എസ് എസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സി പി എം ശ്രമം അനുവദിക്കില്ല. യുഡിഎഫിന്റെ പിന്തുണ അന്നും എൻഎസ്എസിനുണ്ടായിരുന്നു. ഇന്നും യുഡിഎഫിന്റെ പിന്തുണ എൻഎസ്എസിനുണ്ട്. വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ സർക്കാരോ കോടതികളോ ഇടപെടരുത് എന്നതാണ് കോൺഗ്രസിന്റെ നയം. എന്നാൽ സിപിഎം ഇക്കാര്യങ്ങളിൽ ഇടപെട്ട് രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിക്കുന്നു. സംഘപരിവാർ ശക്തികൾക്ക് വർഗീയ ധൃവീകരണം നടത്താനുള്ള വെടിമരുന്ന് ഇട്ടുകൊടുക്കുകയും ചെയ്യുന്നു. കേരളത്തെ വീണ്ടും വർഗീയവത്കരിക്കാനും വിഭജിക്കാനുമുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും. മറ്റുള്ളവരുടെ വിശ്വാസത്തെ ഉൾക്കൊള്ളാനും അതു മാനിക്കാനും ഇരുകൂട്ടരും തയാറല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

