മുസ്ലിംലീഗ് എല്ലാകാലത്തും വിശ്വാസികൾക്കൊപ്പം; വിശ്വാസി സമൂഹത്തെ മാനിക്കേണ്ടത് ജനാധിപത്യ മര്യാദയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുസ്ലിംലീഗ് എല്ലാകാലത്തും വിശ്വാസികൾക്കൊപ്പമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വിശ്വാസി സമൂഹത്തെ മാനിക്കേണ്ടത് ജനാധിപത്യ മര്യാദയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം ഓരോ മതസമൂഹത്തിനും വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ മത സമൂഹങ്ങളും അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുന്നവരാണ്. അതവർക്ക് പ്രധാനമാണ്. ആ വിശ്വാസങ്ങളെ ബഹുമാനിക്കുകയാണ് വേണ്ടത്. ഷംസീറിന്റെ പ്രസ്താവന വർഗീയ വിഭജനത്തിന് പലരും ഉപയോഗിക്കും. രാഷ്ട്രീയത്തെ വർഗീയമാക്കാൻ ശ്രമിക്കുന്ന കാലത്ത് അതിന് മരുന്നിട്ട് കൊടുക്കുന്ന പ്രസ്താവനകൾ നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഏത് മതവിശ്വാസത്തെയും പരസ്പരം ബഹുമാനിക്കണം. മുസ്ലിംലീഗ് വിശ്വാസികളുടെ പാർട്ടിയാണ്. അതുകൊണ്ടുതന്നെ വിശ്വാസികൾക്കൊപ്പമാ ണ്. ഇത്തരം വൈകാരിക വിഷയങ്ങൾ പൊലിപ്പിച്ച് വർഗീയ വിഭജനം ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.