വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിനെതിരേ രൂക്ഷ വിമർശനവുമായി പാണ്ഡ്യ രംഗത്തെത്തി

ട്രിനിഡാഡ് : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. മത്സരത്തിന് ശേഷമാണ് ഇന്ത്യൻ ടീമിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും വെസ്റ്റ് ഇൻഡീസ് പരിഗണിക്കുന്നില്ല എന്ന ആരോപണവുമായി പാണ്ഡ്യ വന്നത്. കരീബിയൻ പര്യടനത്തിന് അടുത്ത തവണ എത്തുമ്പോൾ ആഡംബരമില്ലെങ്കിലും അടിസ്ഥാന ആവശ്യങ്ങളെങ്കിലും നൽകണമെന്നാണ് മൂന്നാം ഏകദിന പോരാട്ടം കഴിഞ്ഞു താരം പറഞ്ഞത്.

‘ട്രിനിഡാഡിലേതു ഞാൻ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച ഗ്രൗണ്ടുകളിലൊന്നാണ്. ഇനി ഞങ്ങളെത്തുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടുത്തണം. ഞങ്ങൾ ആഡംബര ആവശ്യങ്ങൾ ഉന്നയിക്കില്ല. അടിസ്ഥാന ആവശ്യങ്ങൾ മതിയാകും’.- എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഏക ദിന പരമ്പരകൾ, കരീബിയൻ ടെസ്റ്റ് എന്നിവ പൂർത്തിയാക്കിയ ടീം ഇന്ത്യയ്ക്ക് മുന്നിൽ 5 ട്വന്റി -20 മത്സരങ്ങളുണ്ട്. ഇന്ത്യയുടെ അവസാന ഏക ദിനത്തിൽ 200 റൺസിനായിരുന്നു ജയം നേടിയത്. ഏക ദിന പരമ്പര 2 – 1 നാണ് ഇന്ത്യ സ്വന്തമാക്കിയത്.