വിവാദ പരാമർശം; സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻഎസ്എസ്

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻഎസ്എസ്. വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിനൊപ്പം നാമ ജപ ഘോഷയാത്രയും നടത്താനാണ് എൻഎസ്എസിന്റെ തീരുമാനം.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ മാതൃകയിലാണ് നാമ ജപ ഘോഷയാത്ര നടത്തുന്നത്. തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന നാമ ജപ ഘോഷയാത്ര ഈസ്റ്റ് ഫോർട്ടിൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ നടത്തും.

വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എൻഎസ്എസ് എൻ എംസീറിനെതിരെ തിരിഞ്ഞത്. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻഎസ്എസ് തെരുവിലിറങ്ങുന്നത്.

എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ ബുധനാഴ്ച്ച രാവിലെ തന്നെ അവരവരുടെ വീടിന് സമീപത്തെ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാട് നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണെന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്ക് കത്തയച്ചിരുന്നു.