നായ്ക്കളെ കുഴിച്ചു മൂടിയ സംഭവത്തിൽ അന്വേഷണം നടത്തും ; ചിഞ്ചുറാണി

തിരുവനന്തപുരം : വള്ളക്കടവിൽ നായ്ക്കളെ കുഴിച്ച് മൂടിയ സംഭവത്തിൽ നടപടി സ്വീകരിക്കാനൊരുങ്ങി മൃഗ സംരക്ഷണവകുപ്പ്. 20 നായ്ക്കളെയാണ് ഇത്തരത്തിൽ ജീവനോടെയും കൊന്നും കുഴിച്ചുമൂടിയത്. വകുപ്പുതല അന്വേഷണം നടത്താൻ സീനിയർ അസിസ്റ്റന്റ് ഡയറക്ടർ ഡോ സിന്ധുവിന്റെ നേതൃത്വത്തിൽ ചീഫ് വെറ്റിനറി ഓഫീസർ ഡോ അനിത, അസിസ്റ്റന്റ് ഡോ റോണി റോയ് ജോൺ എന്നിവരെ ഏൽപ്പിച്ചതായും അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും മന്ത്രി ചിഞ്ചു റാണിമാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 26, 27 തീയതികളിൽ തിരുവനന്തപുരം എയർപോർട്ടിലും പരിസരത്തും നിന്ന് നായ്ക്കളെ പിടികൂടി കുഴിച്ചിട്ട കാര്യം പട്ടി പിടുത്തക്കാരനാണ് വെളിപ്പെടുത്തിയത്.

എയർപോർട്ട് അതോറിറ്റിയുടെ വാഹനത്തിൽ കൊണ്ട് വന്നാണ് നായ്ക്കളെ കുഴിച്ചു മൂടിയതെന്നും നായ്ക്കളെ ദത്തു നൽകുക എന്ന വ്യാജേനയാണ് കൊണ്ട് വന്നതെന്നും നായ പിടുത്തക്കാരൻ വെളിപ്പെടുത്തി. മൃഗങ്ങളോട് ഇത്തരം ക്രൂരത പാടില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഏഴോളം നായ്ക്കളുടെ അഴുകിയ ശവ ശരീരം മൃഗ സംരക്ഷണ വകുപ്പ് കണ്ടെടുത്തു. പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേറ്റീവ് ഓഫീസിൽ നിന്ന് സംഘമെത്തി പട്ടികളുടെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിവരങ്ങൾ വന്ന ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞിരിക്കുകയാണ്.