ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കാര്യമായ അസുഖങ്ങൾ ഒന്നുമില്ലെന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജാമ്യം ലഭിക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം ആരോഗ്യ പ്രശ്നങ്ങൾ ഉന്നയിക്കുന്നതെന്ന് ഇഡി കോടതിയെ അറിയിച്ചു. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിൽ കഴിയുകയാണ് എം ശിവശങ്കർ. ജാമ്യാപേക്ഷയ്ക്ക് ഒപ്പം കോടതികളിൽ ഫയൽ ചെയ്ത മെഡിക്കൽ റിപ്പോർട്ട് ശിവശങ്കറിനെ പരിശോധിക്കാതെ ഡോക്ടർ തയ്യാറാക്കിയതാണെന്ന് ഇ ഡി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇ ഡി ഡെപ്യുട്ടി ഡയറക്ടർ പ്രേം മാലിക് ആണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. തങ്ങളുടെ കസ്റ്റഡിയിൽ ശിവശങ്കർ ഉണ്ടായിരുന്ന സമയത്താണ് ഇത്തരം ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഡോക്ടർ നൽകിയതെന്നും അക്കാലത്ത് ഡോക്ടർ നേരിട്ട് ശിവശങ്കറിനെ പരിശോധിച്ചിട്ടില്ലെന്നും ഇഡി വിശദമാക്കുന്നു.
മുൻപ് ശിവശങ്കർ ജാമ്യത്തിലിറങ്ങിയത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വിരമിക്കുന്നത് വരെ അദ്ദേഹം ഓഫീസിൽ പോയിരുന്നു. ഇതിൽ നിന്നുതന്നെ അദ്ദേഹത്തിന് കാര്യമായ രോഗമില്ലെന്ന് വ്യക്തമാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നപ്പോൾ ശിവശങ്കറിന് ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ ശിവശങ്കർ ഈ ശസ്ത്രക്രിയ വേണ്ടന്ന് വെക്കുകയായിരുന്നു. ഇതിൽനിന്ന് അദ്ദേഹത്തിന് കാര്യമായ അസുഖങ്ങൾ ഇല്ലെന്ന് വ്യക്തമാകുകയാണെന്നും ഇ ഡി കൂട്ടിച്ചേർത്തു.

