വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ സ്‌പീക്കറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസിലെ തല മുതിർന്ന നേതാക്കളിലൊരാളെയാണ് കേരളത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പാർലമെന്റേറിയൻ, കൂടുതൽ കാലം നിയമസഭാ സ്പീക്കർ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയിലും ശ്രദ്ധേയനായിരുന്ന അദ്ദേഹം അഭിഭാഷകനിൽ നിന്നും രാഷ്ട്രീയത്തിലെത്തിയപ്പോഴുള്ള കാര്യപ്രാപ്തി അംഗീകരിക്കപ്പെട്ടതായിരുനെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷമതയേറിയ ഘട്ടത്തിലും പാർട്ടിയെ കാര്യക്ഷമമാക്കി നിർത്തിയ നേതാവായിരുന്നു അദ്ദേഹം. എം പി എന്ന നിലയിൽ കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ എത്തിക്കാനും അദ്ദേഹമെടുത്ത പ്രയത്നം വലുതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതെ സമയം പ്രതിപക്ഷനേതാവ്, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവരും നിര്യാണത്തിൽ അനുശോചനം അറിയിച്ചു.