യുപിയും കേരളവും ഒരുപോലെയായെന്ന് പറയുന്നതിലൂടെ കോൺഗ്രസ് നേതാക്കന്മാർ ഉദ്ദേശിക്കുന്നത് യുപിയെ വെള്ളപൂശാൻ; മുഹമ്മദ് റിയാസ്

കോഴിക്കോട്: ഉത്തർപ്രദേശിനെ കേരളവുമായി താരതമ്യം ചെയ്യുന്ന കോൺഗ്രസിന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. യുപിയും കേരളവും ഒരുപോലെയായെന്ന് പറയുന്നതിലൂടെ കോൺഗ്രസ് നേതാക്കന്മാർ ഉദ്ദേശിക്കുന്നത് യുപിയെ വെള്ളപൂശാനാണെന്ന് മന്ത്രി വ്യക്തമാക്കി. യുപിയിൽ വർഗീയ കലാപങ്ങളും കൊലപാതകങ്ങളും നിരവധി നടക്കുന്നുണ്ട്. കേരളത്തിൽ അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ സർക്കാരും പോലീസും കൃത്യമായി ഇടപെട്ട് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആലുവയിലെ കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപെട്ട് ചെയ്യാൻ കഴിയുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. അഞ്ചുവയസ്സുള്ള കുഞ്ഞ് കൊല്ലപ്പെട്ടതിൽ നമുക്കെല്ലാം വേദനയുണ്ട്. എന്നാൽ അതിനെ രാഷ്ട്രീയമായി സർക്കാരിനെതിരെ തിരിക്കുക എന്ന നീചമായ പ്രവൃത്തിയാണ് പ്രതിപക്ഷം ചെയ്യുന്നത്. യുപിയെ കേരളവുമായി താരതമ്യം ചെയ്യുന്ന കോൺഗ്രസിന്റെ പ്രസ്താവനയെക്കുറിച്ച് എന്താണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ അഭിപ്രായമെന്നും മന്ത്രി ചോദിച്ചു.

ഉത്തർപ്രദേശിലെ ഉന്നാവ് സംഭവം നമ്മുടെ മുന്നിലുണ്ട്. അവിടെ ഇരയ്‌ക്കെതിരെ കേസെടുത്തു. ഇരയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി. കേസിൽ ബിജെപി എംഎൽഎയെ സംരക്ഷിച്ചു. അവസാനം കോടതി ഇടപെടേണ്ടി വന്നു. പോലീസിനെ ഉപയോഗിച്ച് യുപിയിൽ എതിരാളികളെ അടിച്ചമർത്തുന്നു. വർഗീയ കലാപങ്ങളും വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുന്നു. ഉത്തർപ്രദേശ് കേരളം പോലെയാണെന്ന പ്രസ്താവനയിലൂടെ യുപി സർക്കാരിനെയും ബിജെപിയുടെ ഫാസിസ്റ്റ് പ്രവണതകളേയും വെള്ളപൂശുകയാണ് കേരളത്തിലെ കോൺഗ്രസെന്നും അദ്ദേഹം ചൂണ്ടക്കാട്ടി.

കേരളത്തിൽ ഓരോ മൂന്നു മണിക്കൂറിലും ഓരോ ബലാത്സംഗം നടക്കുന്നുണ്ടോ. നീതിക്കുവേണ്ടി നില കൊണ്ടതിനു ഒരു ഡസനിലധികം മാധ്യമ പ്രവർത്തകരെയാണ് യുപിയിൽ തല്ലിക്കൊന്നത്. കേരളത്തിൽ അത് നടക്കുന്നുണ്ടോയെന്ന് റിയാസ് ചോദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണങ്ങൾക്ക് കേരളത്തിലെ ജനങ്ങൾതന്നെ മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.