തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെയും സിപിഎം നേതാവ് പി ജയരാജന്റെയും പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഇരുവരുടെയും പൊതു പരിപാടികളുടെ സുരക്ഷയും വർദ്ധിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വർധിപ്പിക്കുന്നതാണ്. എ എൻ ഷംസീറിനെതിരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്ന പി ജയരാജന്റെ പ്രസംഗത്തിന് പിന്നാലെ വലിയ പ്രശ്‌നങ്ങളാണ് നടക്കുന്നത്. ഇതിന് പിന്നാലെയാണ് സുരക്ഷാ വർദ്ധിപ്പിക്കാനുള്ള തീരുമാനം സ്വീകരിച്ചത്.
സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പോർവിളി തുടരുകയാണ്. പി ജയരാജനെതിരായ തിരുവോണ ദിനത്തിലെ ആക്രമണം ഓർമ്മിപ്പിച്ചാണ് ബിജെപി അണികൾ രംഗത്തെത്തിയിരിക്കുന്നത്.
അക്രമിക്കാനെത്തിയവർ കൊല്ലപ്പെട്ടുവെന്നായിരുന്നു സിപിഎം അണികൾ ഇതിന് മറുപടി നൽകിയത്. അതേസമയം, യുവമോർച്ചയ്ക്ക് മറുപടിയുമായി പി ജയരാജൻ രംഗത്തെത്തിയിരുന്നു. സഖാവ് ഷംസീറിനെതിരെ യുവമോർച്ചക്കാർ ‘ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല’ എന്ന നിലയിലുള്ള ഭീഷണിയാണ് നടത്തിയത്. പ്രതികാരം തീർത്ത പോപ്പുലർ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോർച്ചക്കാർ സ്വയം ഉപമിക്കുന്നത്.അതേതായാലും ആ യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് താൻ പറഞ്ഞതെന്നും പി ജയരാജൻ വ്യക്തമാക്കി.
സംഘപരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിർക്കും. ആ കാരണത്താൽ സഖാവ് ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആർ.എസ്.എസ് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

