കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വർഗത്തിന്റേതാണെന്നത് തെറ്റിദ്ധാരണയും അസംബന്ധ പ്രസംഗവും; എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വർഗത്തിന്റേതാണെന്നത് തെറ്റിദ്ധാരണയും അസംബന്ധ പ്രസംഗവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യ ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയാണെന്നും ഇങ്ങനെയുള്ള ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ ഭാഗം തന്നെയാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന് മുന്നോടിയായി ‘നവകേരള കാലത്തെ ഭരണനിർവഹണം’ എന്ന സെമിനാറിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വർഗത്തിന്റേതാണെന്ന് തെറ്റിദ്ധാരണ ചർച്ച നടത്തുന്ന ടിവിക്കാർ ഇടയ്ക്ക് പറയാറുണ്ട്. അതെല്ലാം അസംബന്ധ പ്രസംഗം മാത്രമാണ്. നിലവിലുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ പരിച്ഛേദത്തിന്റെ ഒപ്പം തന്നെയാണ് കേരളവും. ഭരണവും ഭരണകൂടവും തമ്മിൽ വ്യത്യാസമുണ്ട്. പിണറായി വിജയന്റെ ഭരണകൂടം എന്ന് പലപ്പോഴും ചർച്ചയിൽ പറയാറുണ്ട്. എന്നാൽ അങ്ങനെയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്റെത് ഭരണകൂടമല്ല. ഭരണകൂടത്തിന് വർഗപരമായ കാഴ്ചപ്പാടുണ്ട്. എക്സിക്യുട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ്, ഫോർത്ത് എസ്റ്റേറ്റ് ഈ നാലും അടങ്ങിയതാണ് ഇന്ത്യയിലെ ഭരണകൂടം. ഇതിൽ ലെജിസ്ലേച്ചറിലും ഭൂരിപക്ഷമാണ് സർക്കാർ. മറ്റ് മൂന്നിലും ആ അർത്ഥത്തിലുള്ള ഭൂരിപക്ഷമല്ല. ഭരണകൂട വ്യവസ്ഥയിലെ ലെജിസ്ലേറ്റീവ് അല്ലാത്ത മറ്റുമൂന്ന് വിഭാഗവും നമ്മുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നതല്ല. അതിന് പരമിതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.