തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാർ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ 97 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലാണ് അധിക ബാച്ചുകൾ അനുവദിച്ചത്. പ്രവേശന നടപടികൾ അവസാനിപ്പിക്കുമ്പോൾ താൽക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചിൽ മതിയായ എണ്ണം വിദ്യാർത്ഥികൾ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കിൽ അത്തരം ബാച്ചുകൾ റദ്ദ് ചെയ്യും. ആ ബാച്ചിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ അതേ സ്‌കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്‌കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.

