ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചു; എ എൻ ഷംസീറിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് ഷംസീറിനെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധം ഉയർത്തുന്നത്. സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും പരാതി നൽകാനാണ് വിശ്വഹിന്ദു പരിഷത്തിന്റെ തീരുമാനം. പല സ്റ്റേഷനുകളിലും ഇതിനകം പരാതികൾ നൽകിയിട്ടുണ്ട്.

ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകാനും വിശ്വ ഹിന്ദു പരിഷത്ത് തീരുമാനിച്ചു. ജൂലൈ 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോർഡ് യോഗത്തിൽ മറ്റ് പ്രതിഷേധ പരിപാടികളെ കുറിച്ച് തീരുമാനമെടുക്കും. സ്പീക്കർ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്ന് പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഉണ്ടായതെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ അറിയിച്ചു.

അതേസമയം, ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവ് ഷംസീറിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഗണപതി എന്ന ഹൈന്ദവ ആരാധനാമൂർത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീർ പ്രസംഗിച്ചുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുക്തിചിന്ത വളർത്തുകയാണ് എന്ന വ്യാജേന ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് സ്പീക്കർ ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു. ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമർശങ്ങളാണ് വിവാദം സൃഷ്ടിച്ചത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു ഷംസീർ പറഞ്ഞിരുന്നത്.