ന്യൂഡൽഹി: മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ പ്രതിപക്ഷം സഭ മുന്നോട്ട് പോകാൻ സമ്മതിക്കുന്നില്ലെന്നും സഭ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്തിനാണ് പ്രതിപക്ഷം ഇത്തരത്തിൽ സഭ തടസ്സപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് അമിത് ഷാ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
മണിപ്പൂരിലെ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണെങ്കിലും പ്രതിപക്ഷം വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും വ്യക്തമാക്കിയിരുന്നു. ജനങ്ങളെ കാണിക്കാൻ മാത്രമാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്. മണിപ്പൂരിലടക്കം കുറ്റകൃത്യങ്ങൾ കുറയുന്ന സമയത്താണ് അപ്രതീക്ഷിതമായി സംഘർഷങ്ങളുണ്ടാകുന്നത്. ഇതിന്റെ പിന്നിലെ കാര്യങ്ങൾ ഉടൻ പുറത്തുവരുമെന്നും അദ്ദേഹം അറിയിച്ചു.